സംസ്ഥാന നേതാക്കളെ തള്ളി ഹൈക്കമാന്‍ഡ്, കെപിസിസിയില്‍ സമ്പൂര്‍ണ്ണ പുനഃസംഘടന?; കനഗോലു റിപ്പോര്‍ട്ട് പിന്തുടരാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കളുടെ നിര്‍ദേശം തള്ളിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു പോകുന്നത്. സംസ്ഥാന കോൺ​ഗ്രസ് പുനഃസംഘടന സംബന്ധിച്ച് രാഷ്ട്രീയതന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പിന്തുടരാനാണ് തീരുമാനം. കെപിസിസി ഭാരവാഹികള്‍ക്ക് പുറമേ, ഡിസിസി തലപ്പത്തും മാറ്റമുണ്ടാകുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ പുനഃസംഘടന വേണ്ടെന്നായിരുന്നു സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചത്. കെപിസിസി ഭാരവാഹികളില്‍ ചിലരെയും, പ്രവര്‍ത്തനം ദുര്‍ബലമായ ഡിസിസി അധ്യക്ഷന്മാരെയും മാറ്റിയാല്‍ മതിയാകുമെന്നുമാണ് സംസ്ഥാനത്തെ നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലും നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

സമ്പൂര്‍ണമായ പുനഃസംഘടന പാര്‍ട്ടിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ തകര്‍ക്കാനും, അഭിപ്രായ വ്യത്യാസങ്ങളും എതിര്‍പ്പും ഉയരാനും ഇടയാക്കുമെന്നും നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ തള്ളി, മുമ്പ് നിശ്ചയിച്ച പ്രകാരം കെപിസിസിയില്‍ സമ്പൂര്‍ണമായ പുനഃസംഘടന നടത്താനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. രാഷ്ട്രീയ തന്ത്രജ്ഞനായ കനഗോലുവും, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടും കണക്കിലെടുത്ത് പൂര്‍ണമായ പുനഃസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.

അടുത്തിടെയാണ് കെ സുധാകരനെ മാറ്റി അഡ്വ. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചത്. കൂടാതെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെയും നിയമിച്ചിരുന്നു. ഇതോടൊപ്പം സാമുദായിക സന്തുലനം ഉറപ്പാക്കുക ലക്ഷ്യമിട്ട് യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശിനെയും നിയമിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ചുമതലകളിലേക്ക് പുതിയ നേതാക്കളെത്തിയേക്കും. പത്തിലേറെ ഡിസിസികളില്‍ അധ്യക്ഷന്മാരും മാറുമെന്നാണ് സൂചന.

Previous Post Next Post