ഇത് ഇന്ത്യയാണ്, ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ, ഒടുവിൽ കന്നഡയില്‍ മാപ്പ് പറഞ്ഞ് ഉ​​ദ്യോ​ഗസ്ഥ

ബെംഗളൂരു: കന്നഡ സംസാരിക്കാൻ അപേക്ഷിച്ചിട്ടും ഹിന്ദിയിൽ ഉറച്ചുനിന്ന കര്‍ണാടകയിലെ എസ്ബിഐ ബാങ്ക് മാനേജറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഒടുവിൽ കന്നഡയിൽ തന്നെ മാപ്പ് പറഞ്ഞ് ഉദ്യോ​ഗസ്ഥ. കർണാടകയിലെ എസ്ബിഐ സൂര്യന​ഗർ ബ്രാഞ്ചിലെ മാനേജരെയാണ് കഴിഞ്ഞ ദിവസം കന്നഡ സംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റിയത്. ഇന്ത്യക്കാരിയായതിനാൽ ഹിന്ദിൽ മാത്രമേ സംസാരിക്കൂ എന്ന പിടിവാശിയിലായിരുന്നു ഉദ്യോ​ഗസ്ഥ.

സ്ഥലം മാറ്റപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് കന്നഡയിൽ തന്നെ ഉദ്യോ​ഗസ്ഥ മാപ്പു പറഞ്ഞുകൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്നും ഉദ്യോ​ഗസ്ഥ വിഡിയോയിൽ പറയുന്നു. ഉദ്യോ​ഗസ്ഥ സഹപ്രവർത്തകർ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുകയായിരുന്നു.

മാനേജറുടെ പിടിവാശിയെ അപലപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ബാങ്കിന്റെ നടപടിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പ്രാദേശിക ഭാഷയെ ബഹുമാനിക്കുന്നത് അവിടുത്തെ ജനങ്ങളെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുന്‍പാണ് ബാങ്ക് മാനേജറും ഉപഭോക്താക്കളും തമ്മില്‍ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലിയുള്ള വാക്‌പോര് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്തതാണ് വാക്പോരിന് ഇടയാക്കിയത്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് ഇത് കർണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇന്ത്യയാണെന്ന് പറഞ്ഞുകൊണ്ട് കസ്റ്റമറുടെ ആവശ്യം മാനേജർ നിരസിക്കുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉദ്യോഗസ്ഥയ്ക്കെതിരെ എസ്ബിഐ അച്ചടക്ക നടപടി സ്വീകരിച്ചത്.

Previous Post Next Post