പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടന് എതിരെ എൻഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗൺസിലറാണ് പരാതി നൽകിയത്. വേടൻ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ മിനി കൃഷ്ണ കുമാറാണ് പരാതി നൽകിയിരിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എൻഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകർപ്പ് ഉൾപ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം
ഹിന്ദു ഐക്യ വേദി, ആർഎസ്എസ് നേതാക്കൾ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമർപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആർഎസ്എസ് നേതാവ് എൻ ആർ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.
എന്നാൽ, താൻ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് കാരണം എന്നായിരുന്നു ആരോപണങ്ങൾക്ക് വേടൻ നൽകിയ മറുപടി. വേടൻ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.