മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്‍റ്റിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം :മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്‍റ്റിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെൻഷൻ. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാർ ഡ്യൂട്ടി സർജൻ എന്നിവർക്കാണ് സസ്പെൻഷൻ.

അന്വേഷണ വിധേയമായാണ് മൂന്നു പേർക്ക് സസ്പെൻഷൻ. വിഷയത്തില്‍ അടിയന്തിരമായി അന്വേഷണംനടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശവും നല്‍കിയിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ. പ്രിൻസിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ചികിത്സയ്‌ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കുടുങ്ങിയ ഇയാളെ ഇന്ന് രാവിലെ ആറു മണിക്കാണ് പുറത്തെത്തിച്ചത്.

മെഡിക്കല്‍ കോളേജിലെ ഓർത്തോ വിഭാഗത്തിന് മുന്നിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. സംഭവത്തില്‍ രവീന്ദ്രൻ നായരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർമാരെത്തി തുറന്നപ്പോഴാണ് ഇയാളെ കണ്ടെത്താനായത്. തുടർന്ന് രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Previous Post Next Post