പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി നിർമിതബുദ്ധി അധിഷ്ഠിതമായ പ്രായം നിർണയിക്കുന്ന സാങ്കേതികവിദ്യ ആഗോളതലത്തില്‍ വ്യാപിപ്പിച്ച് മെറ്റ.ഇൻസ്റ്റാഗ്രാമില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ വ്യാജ ജനനത്തീയതി നല്‍കി മുതിർന്നവരുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്തി, അവരെ സ്വയമേവ സുരക്ഷിതമായ 'ടീൻ അക്കൗണ്ടുകളിലേക്ക്' മാറ്റുന്നതിനാണ് ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നത്.
എഐ പ്രായം കണ്ടെത്തുന്നത് എങ്ങനെ?
ഒരു ഉപയോക്താവ് കൗമാരക്കാരനാണോ എന്ന് കണ്ടെത്താൻ പ്രൊഫൈലിലെ വിവരങ്ങള്‍ എഐ വിശദമായി പരിശോധിക്കും. പ്രൊഫൈല്‍ ബയോ, പോസ്റ്റുകള്‍, കമന്റുകള്‍, സ്കൂള്‍ ക്ലാസുകളെക്കുറിച്ചോ പിറന്നാള്‍ ആഘോഷങ്ങളെക്കുറിച്ചോ ഉള്ള സൂചനകള്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. കൂടാതെ, ചിത്രങ്ങളിലും വീഡിയോകളിലും കാണുന്ന വ്യക്തിയുടെ ഉയരം, ശരീരപ്രകൃതി തുടങ്ങിയ ദൃശ്യസൂചനകളും എഐ വിശകലനം ചെയ്യും.ടീൻ അക്കൗണ്ടുകളിലെ' പ്രധാന മാറ്റങ്ങള്‍,
അക്കൗണ്ടുകള്‍ സ്വയമേവ 'പ്രൈവറ്റ്' ആയി മാറും. പിന്തുടരുന്ന ആളുകള്‍ക്ക് മാത്രമായിരിക്കും ഡയറക്റ്റ് മെസേജുകള്‍ അയക്കാൻ സാധിക്കുക. ദിവസവും 60 മിനിറ്റ് ഉപയോഗത്തിന് ശേഷം ആപ്പ് ക്ലോസ് ചെയ്യാൻ റിമൈൻഡർ ലഭിക്കും.
രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കപ്പെടും.16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ ഈ കടുത്ത നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താൻ സാധിക്കില്ല.
കുട്ടികളുടെ മാനസികാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പ്രവർത്തിച്ചു എന്നാരോപിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കേസില്‍ 18 ബില്യണ്‍ ഡോളറിന്റെ ധാരണയിലെത്തിയതിന് പിന്നാലെയാണ് മെറ്റയുടെ ഈ നടപടി.13 വയസില്‍ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകള്‍ കണ്ടെത്താനും കൗമാരക്കാർക്ക് അനുയോജ്യമായ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുമാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇൻസ്റ്റാഗ്രാമിന് പുറമെ ഫേസ്ബുക്കിലും, ത്രെഡ്സിലും ഈ എഐ സാങ്കേതികവിദ്യ ഉടൻ തന്നെ പൂർണതോതില്‍ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു