പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെ കൂടി കടമയാണെന്ന് വ്യക്തമാക്കി മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി സമഗ്ര പദ്ധതികളുമായി സർക്കാർ.അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടില്‍നിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉള്‍പ്പെടെയുള്ള കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണം സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കണമെന്നും സർക്കാരിന് മാത്രമായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും എൻ.ജി.ഒകളും മറ്റ് ഏജൻസികളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് 12 സ്ഥാപനങ്ങളുമായി വയോജന വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു.മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികള്‍ നടപ്പാക്കും. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള വയോജനങ്ങള്‍, അവരുടെ മാനസികാരോഗ്യം, രോഗബാധിതരുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൃത്യമായ വിവരശേഖരണം നടത്തും. ഈ വിവരങ്ങള്‍ കാലാനുസൃതമായി പുതുക്കുകയും ചെയ്യും. ഇതിലൂടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം നല്കാൻ പരിശീലനം ലഭിച്ച പരിചരണപ്രവർത്തകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു വർഷത്തെ പ്രായോഗിക കോഴ്സും തയ്യാറാക്കുകയാണ്. ജർമനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പാഠ്യപദ്ധതികള്‍ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ സിലബസ് രൂപപ്പെടുത്തും. നഴ്സിങ്ങിന് തൊട്ടുതാഴെയുള്ള പരിശീലന നിലവാരത്തിലായിരിക്കും കോഴ്സ്.സർക്കാർ, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നേടിയ പരിചരണപ്രവർത്തകരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്ലസ് ടു വിദ്യാർഥികളെ ഉള്‍പ്പെടുത്തി സന്നദ്ധപ്രവർത്തകരുടെ സംഘവും രൂപീകരിക്കും. ഇവർ പ്രായമായവരെ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുന്നത് അവരുടെ ഏകാന്തത കുറയ്ക്കാനും ജീവിതത്തില്‍ പ്രതീക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പരിചരണം ഉറപ്പാക്കുന്നതിനൊപ്പം വിരമിച്ചവരുടെ അനുഭവസമ്പത്തും അറിവും പുതിയ സ്റ്റാർട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും മാർഗനിർദേശം നല്കാൻ ഉപയോഗപ്പെടുത്തും. ഇതിലൂടെ സില്‍വർ ഇക്കോണമിയും കെയർ ഇക്കോണമിയും വളർത്തുകയാണ് ലക്ഷ്യം. സജീവവും ആരോഗ്യകരവുമായ വാർധക്യം, സമൂഹാധിഷ്ഠിത പരിചരണം, സ്വതന്ത്ര ജീവിതം, ഗവേഷണം, വിവരാധിഷ്ഠിത നയരൂപീകരണം, സാമൂഹിക സുരക്ഷയും അവകാശങ്ങളും ഉള്‍പ്പെടെ അഞ്ച് പ്രധാന മേഖലകളിലാണ് വകുപ്പിന്റെ പ്രവർത്തനം.
അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണം ഉറപ്പാക്കുന്നതിനാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചത്. ഇംഹാൻസ്, ഡിമെൻഷ്യ ഇന്ത്യ അലയൻസ്, പബ്ലിക് ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷൻ, ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിള്‍, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വർക്കേഴ്സ്, ലയോള കോളേജ് ഓഫ് സോഷ്യല്‍ സയൻസസ്, സ്വസ്തി ദി ഹെല്‍ത്ത് കാറ്റലിസ്റ്റ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോണ്‍മെന്റല്‍ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയോണ്‍മെന്റ്, നുവാല്‍സ് എന്നിവയാണ് പങ്കാളികള്‍. മുതിർന്ന പൗരന്മാർക്കുള്ള സംസ്ഥാന നയവും കർമപദ്ധതിയും സംബന്ധിച്ച ഏകദിന ശില്പശാലയും ഇതോടനുബന്ധിച്ച് നടന്നു. വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ശില്പശാലയ്ക്കുശേഷം പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഭാവി പ്രവർത്തനങ്ങള്‍ ചർച്ച ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസണ്‍ സെക്രട്ടറി ഡോ. രത്തൻ യു. ഖേല്‍ക്കറും ഡയറക്ടർ ഡോ. അരുണ്‍ എസ്. നായരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.