ടിപ്പര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം.


ആനിക്കാട് വെസ്റ്റ് മുക്കാലി ചക്കാംപുഴ റോണ്‍ സാം ജോയി (അപ്പു25) ആണു മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് ജസ്റ്റിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ക്വാറിയില്‍നിന്ന് ലോഡുമായി എത്തിയ ടിപ്പര്‍, യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

ചെങ്ങളം-പൈക റോഡില്‍ നായിപ്ലാവ് ഭാഗത്ത് ഇന്നലെ രാവിലെ 9.30 ന് ആണ് അപകടം. പൈക ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പറിന്റെ പിന്‍ഭാഗത്തെ ടയര്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ തട്ടിയാണ് അപകടം ഉണ്ടായത്. റോണിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിനു കാപ്പുകാട് ചര്‍ച്ച്‌ ഓഫ് ഗോഡ് സെമിത്തേരിയില്‍.

ഫുട്‌ബോള്‍ താരമായിരുന്ന റോണ്‍ ഞായറാഴ്ച പള്ളിക്കത്തോടു പഞ്ചായത്തിലെ കേരളോത്സവം മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരത്തിനിടെ കാലിനേറ്റ പരുക്കിനു ചികിത്സതേടി പൂവരണിയില്‍നിന്നു മടങ്ങുന്നതിനിടെയാണ് അപകടം. ജബുലാനി എഫ്‌സി അംഗവുമായിരുന്നു.

പരേതരായ അറവനാട് എ.സി. ജോയിയുടെയും ലീലാമ്മയുടെയും മകനാണ്. സഹോദരി: റിച്ചു ഹന്ന ജോയി.

Previous Post Next Post