വീട്ടില്‍നിന്ന് 24 പവനും അഞ്ചുലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ വൻ ട്വിസ്റ്റ്; വീട്ടുടമസ്ഥന്റെ മകനുള്‍പ്പടെ നാലുപേര്‍ പിടിയില്‍.


വീട്ടില്‍ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസില്‍ വൻ ട്വിസ്റ്റ്. വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയില്‍.

17കാരനെ ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങളും പണവും മറ്റ് പ്രതികള്‍ കവരുകയായിരുന്നു.

പുകയൂർ പാലമഠത്തില്‍ പുതുപ്പറമ്പ് ഉബൈദ് (33), താനൂർ ഉണ്യാല്‍ ചക്കരമൂല സ്വദേശി കണ്ണംവളപ്പില്‍ ഷുഹൈദ് (33) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനെയും സുഹൃത്തിനെയും ജുവനൈല്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മോഷണം നടന്നുവെന്നാണ് വീട്ടുടമസ്ഥൻ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച്‌ വിശദമായി അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു മോഷണം വീട്ടില്‍ നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകൻ സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്നുപവൻ സ്വർണാഭരണം വീട്ടില്‍ നിന്ന് നേരത്തെ എടുത്തിരുന്നു. ഈ സ്വർണം വില്‍പന നടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായെന്നും ഇതില്‍ നിന്ന് രക്ഷപ്പെടാൻ ഇനിയും കൂടുതല്‍ സ്വർണം വേണമെന്നും ഭീഷണി തുടർന്നു.

വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ നിന്ന് കൂടുതല്‍ സ്വർണം മോഷണസംഘം 17കാരനെ ഉപയോഗിച്ച്‌ എടുപ്പിച്ചത്. കഴിഞ്ഞദിവസം വീട്ടുകാരെയും 17കാരനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണക്കേസില്‍ വ്യക്തത വന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post