പൊന്നുരുന്നിയില്‍ 41കാരനായ ഡോക്‌ടറെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവം ആസൂത്രണം ചെയ്‌തത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്.ഹണിട്രാപ്പോ എന്നതില്‍ അന്വേഷണം, അതുല്യയും സംഘവും ആവശ്യപ്പെട്ടത് ആറ് കോടി രൂപയെന്ന് സൂചന.


അതുല്യയുടെ ബന്ധുവുമായുള്ള ഡോക്‌ടറുടെ സൗഹൃദമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ബന്ധുവിനെ ഡോക്‌ടർ പീഡനത്തിനിരയാക്കിയതായും ഈ വിവരം പുറത്തുപറയാതിരിക്കാൻ ആറ് കോടി രൂപ അതുല്യയും ബിബിൻ പെരുമ്പിള്ളിയും സംഘവും ആവശ്യപ്പെട്ടെന്നുമാണ് സൂചനകള്‍.

അത്രയും പണം നല്‍കാനാവില്ലെന്ന് ഡോക്‌ടർ അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നായി ഭീഷണി. ഇതിനും വഴങ്ങാതെ വന്നതോടെ ഡോക്‌ടറെ ഇവർ മർദ്ദിച്ചു. ഇതിനുപിന്നാലെ ഡോക്‌ടർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. നടന്നത് ഹണിട്രാപ്പാണോ എന്നതില്‍ പൊലീസ് വിശദമായ അന്വേഷണവും നടത്തും.

നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32) ഉള്‍പ്പെടെ മൂന്നുപേരാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത്. നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിൻ പെരുമ്പിള്ളി (ബിബിൻ ബേബി-42), കെ.ബി. വിഷ്ണു (31) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. ഒളിവിലുള്ള ഒമ്പതു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്‌ടീസ് ചെയ്യുന്ന 41കാരനായ ഡോക്ടർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്പ്രിംഗ് ഡേല്‍ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം.

Previous Post Next Post