പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍. ഒരു കയ്യില്‍ ആറ് ദിവസം പ്രായമായ കുഞ്ഞും മറുകയ്യില്‍ 11 മാസം പ്രായമുള്ള മറ്റൊരു കുരുന്നു.
ഈ കുഞ്ഞുങ്ങളെ ഒന്നെടുക്കാന്‍ പോലും ആരുമില്ലാതെ ഭര്‍തൃവീട്ടില്‍ യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത.കൊല്ലം ചവറയിലാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്. പ്രസവം കഴിഞ്ഞ് ആറം ദിവസം വീട്ടില്‍ വന്ന് കയറിയപ്പോള്‍ തുടങ്ങിയതാണ് ഭര്‍്തതാവിന്റെയും വീട്ടുകാരുടെയും പീഡനം.
യുവതിയെ മദ്യപിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃപിതാവും മാറിമാറി ഉപദ്രവിക്കും. എല്ലാം കണ്ടും കേട്ടും വീട്ടില്‍ ഭര്‍തൃമാതാവുണ്ടെങ്കിലും ഒരക്ഷരം പറയുകയോ യുവതിക്കു വേണ്ടി എന്തെങ്കിലും സംരക്ഷണം നല്‍കുകയോ ചെയ്യില്ല. ഉറക്കെയൊന്നു നിലവിളിക്കാന്‍ പോലും കെല്‍പില്ലാതിരുന്ന യുവതിയുടെ ദുരവസ്ഥ അയല്‍വാസികള്‍ ചവറ പൊലീസില്‍ അറിയിച്ചതോടെ പോലിസുകാര്‍ വീട്ടിലെത്തി യുവതിയേയും കുഞ്ഞിനെയും ഏറ്റെടുത്തു.
രണ്ടു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കു പരിചരിക്കാനാകില്ലെന്നും ഇനിയും ആ വീട്ടില്‍ തുടരാന്‍ കഴിയില്ലെന്നും നിസ്സഹായയായി പറഞ്ഞതോടൊയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവരെ കൊണ്ടു പോയത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞുങ്ങളെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെയും പിങ്ക് പൊലീസിലേയും വനിതാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുഞ്ഞിനെ കുളിപ്പിച്ചു, പുതിയ ഉടുപ്പുകള്‍ വാങ്ങി നല്‍കി, കുപ്പിപ്പാല്‍ കൊടുത്തു, താലോലിച്ചുറക്കി. പുതിയ വസ്ത്രങ്ങളും ഡയപ്പറും അത്യാവശ്യ സാധനങ്ങളുമൊക്കെ വാങ്ങി നല്‍കി. അമ്മയ്ക്കും ആവശ്യമായ പരിചരണം നല്‍കി. മൂവരെയും വനിതാ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ചവറയിലെ വേട്ടുതറ സ്വദേശിനിയായ സിനി (36) യാണ് സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. അയല്‍വാസികളാണ് സിനി അനുഭവിക്കുന്ന ദുരവസ്ഥ ആദ്യം സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്. ഭര്‍ത്താവിന്റെ അമ്മ അവിടെ ഉണ്ടായിട്ടുപോലും പ്രസവിച്ച സ്ത്രീക്കു കിട്ടേണ്ട പരിചരണമോ ശുശ്രൂഷയോ ആ യുവതിക്ക് കിട്ടിയിരുന്നില്ല. പോലിസെത്തി സംസാരിച്ചപ്പോള്‍ തലേ ദിവസം വൈകിട്ട് ദോശ കഴിച്ചതാണ്, പിന്നീടൊന്നും കഴിച്ചില്ലെന്നു പറഞ്ഞു. തലേ ദിവസം ഭക്ഷണം കഴിച്ചതാണെന്നും വിശക്കുന്നുണ്ടെന്നും പറഞ്ഞതോടെ വഴിയില്‍ വാഹനം നിര്‍ത്തി ആഹാരമൊക്കെ വാങ്ങിക്കൊടുത്തു. പ്രസവം കഴിഞ്ഞ ഒരു സ്ത്രീക്ക് കിട്ടേണ്ട യാതൊരു പരിചരണവും അവര്‍ക്ക് അവിടെ കിട്ടുന്നുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലേക്കു പോയാലും ആരും നോക്കാനില്ലെന്നും സാമ്പത്തികമില്ലെന്നും പറഞ്ഞ യുവതി, ഇനി ഭര്‍തൃവീട്ടില്‍ തുടരാനാകില്ലെന്നു കരഞ്ഞു പറയുകയായിരുന്നു.