രാത്രിസഞ്ചാര നിരോധനം: ഇടുക്കിയില്‍ ജനരോഷം.

ഇടുക്കി :ജില്ലയിലെ വനമേഖലയോടു ചേര്ന്നുകിടക്കുന്ന തോട്ടങ്ങളിലൂടെ വൈകുന്നേരം ആറു മുതല് രാവിലെ ആറു വരെ മനുഷ്യസഞ്ചാരവും തോട്ടങ്ങളിലെ പണികളും നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു.ഇടുക്കി ജില്ലയില്‍ തൊടുപുഴ ഒഴികയുള്ള മുഴുവൻ മനുഷ്യവാസ മേഖലകളും വനത്തോടും വന്യജീവി സങ്കേതങ്ങളോടും ചേർന്നുകിടക്കുന്നവയാണ്. അതിനാല്‍ വനമേഖലയോടു ചേർന്നുകിടക്കുന്ന തോട്ടം മേഖല എന്നാല്‍ ജനവാസമേഖലകൂടി ഉള്‍പ്പെടുന്നപ്രദേശമാണ്. ഇവിടെ ജനങ്ങളുടെ രാത്രിസഞ്ചാരം നിരോധിച്ച്‌ കഴിഞ്ഞ 28നാണ് ജില്ലാ ദുരന്തനിവാരണ അഥോററ്റി ചെയര്മാന് എന്ന നിലയില് ജില്ലാ കളക്ടര് ഉത്തരവു പുറപ്പെടുവിച്ചത്.

ഇടുക്കി ജില്ലയില് വന്യജീവികള്ക്ക് സ്വാഭാവികമായി സഞ്ചരിക്കുന്നതിനു തടസമാകുന്ന തരത്തില് വനമേഖലയിലും വനമേഖലയോടു ചേര്ന്നുകിടക്കുന്ന പ്രദേശങ്ങളിലും വേലികളും മറ്റു നിര്മാണങ്ങളും നടത്തിയിരിക്കുന്നത് പൊളിച്ചുനീക്കണമെന്നു കഴിഞ്ഞ 23നു ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര് ഉത്തരവിറക്കിയിരുന്നു. രണ്ടു ഉത്തരവുകളും ജില്ലയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് ആരോപണം.

വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുന്ന നിര്മിതികള് പൊളിച്ചുമാറ്റുമെന്നതിനെ ആനത്താരകളിലെ നിർമാണങ്ങള്‍ പൊളിച്ചുമാറ്റും എന്നതരത്തില് ചിലര് വ്യാഖ്യാനം നടത്തുന്നുണ്ട്. 23ലെ ജില്ലാ കളക്ടറുടെ ഉത്തരവില് ആനത്താര എന്ന പദം ഉപയോഗിച്ചിട്ടില്ല.

വന്യജീവികള് എന്നാണ് പറഞ്ഞിരിക്കുന്നത്. വന്യജീവികള് ആനയും കുരങ്ങും പന്നിയും ഉള്പ്പടെയുള്ളവയാണ്. ഇവയുടെ സ്വാഭാവിക സഞ്ചാരം തടയുന്ന നിര്മിതികളാണ് പൊളിച്ചു മാറ്റുന്നത്. ഇതു മറച്ചുവച്ച്‌ ആനത്താരകള് എന്ന പ്രയോഗം കൊണ്ടുവന്നതിലും ദുരൂഹതയുണ്ട്.

വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടയുന്നതിനെതിരേയുള്ള ഉത്തരവിനെ മുഖ്യമന്ത്രിയും വനംമന്ത്രിയും അനധികൃത കൈയേറ്റത്തിനെതിരേയുള്ള ഉത്തവായി വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് അതേപടി നിലനില്ക്കുകയാണ്.
Previous Post Next Post