പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എട്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് കൈമാറാത്തത് വിവാദമായിരുന്നു.
ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നല്‍കിയത്. റിപ്പോർട്ട് സർക്കാർ അനുമതിക്കായിബുധനാഴ്ച ഡിജിപി കൈമാറും. സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. കേസില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം എട്ട് പ്രതികളാണുള്ളത്.
സർക്കാർ അനുമതി വേണ്ട വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂർ പൂരം അട്ടിമറിച്ചതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.
പ്രതിപ്പട്ടികയിലുള്ളവർ കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.