ആറുവരി ദേശീയപാതയില്‍ ബസുകള്‍ നിര്‍ത്താൻ പാടില്ല, സ്വകാര്യ ബസുകള്‍ സര്‍വീസ് റോഡ് വഴി മാത്രം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് എംവിഡി.

സംസ്ഥാനത്തെ ആറുവരി ദേശീയപാതയില്‍ നിയമം ലംഘിച്ച്‌ സർവീസ് നടത്തുന്ന ബസുകള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്ന ബസുകള്‍ സർവീസ് റോഡ് ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.ദേശീയപാതയിലെ പല ഭാഗങ്ങളിലും സർവീസ് നടത്തുന്ന ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുന്നത് കാരണം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഹൈവേയില്‍ വാഹനം നിർത്തിയിടാനോ ആളുകളെ ഇറക്കാനോ അനുമതിയില്ല. ബസ് സ്റ്റോപ്പുകളും ഹൈവേയില്‍ അനുവദിച്ചിട്ടില്ല. ഇതിനാല്‍, ഇവിടെ ഇറക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും അടക്കമുള്ള യാത്രക്കാർക്ക് പ്രധാന പാതയില്‍ നിന്നും പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുണ്ട്. ഇതുസംബന്ധിച്ച്‌ വ്യാപക പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഇടപെടല്‍.ആറുവരിപ്പാതയില്‍ യാതൊരു കാരണവശാലും വാഹനം നിർത്താൻ പാടില്ലെന്ന് എംവിഡി വ്യക്തമാക്കി. അതിനാല്‍ എല്ലാ സ്റ്റേജ് കാര്യേജ് ബസുകളും നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. നിർദ്ദേശം ലംഘിച്ച്‌ സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്ന ബസുകള്‍ക്കെതിരെ ലൈസൻസ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
Previous Post Next Post