ടോള്‍ പ്ലാസകളില്‍ ഇനി വണ്ടി നിര്‍ത്തേണ്ട; ദേശീയപാതകളില്‍ പുതിയ സംവിധാനം വരുന്നു.

ടോള്‍ പ്ലാസകളില്‍ വാഹനം നിർത്താതെ തന്നെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ടോള്‍ പിരിക്കുന്ന പുതിയ രീതി അവതരിപ്പിക്കാൻ ദേശീയപാതാ അതോരിറ്റി.ഇന്ത്യയില്‍ ഇനി വരാനിരിക്കുന്ന അതിവേഗ ദേശീയ പാതകള്‍ക്കായി പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖയിലാണ് ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല്, ആറ് വരികളായി നിർമ്മിക്കുന്ന പുതിയ ഗ്രീൻഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് ഹൈസ്പീഡ് ആക്‌സസ് കണ്‍ട്രോള്‍ഡ് ദേശീയപാതകള്‍ക്കാണ് ഈ പുതിയ മാർഗനിർദ്ദേശങ്ങള്‍ ബാധകമാവുക. എന്നാല്‍ എക്സ്പ്രസ് വേകള്‍ക്ക് ഇത് ബാധകമല്ല. ദേശീയപാതകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതാണ് പുതിയ മാർഗ്ഗരേഖയിലൂടെ എൻ.എച്ച്‌.എ.ഐ ലക്ഷ്യമിടുന്നത്.

'മള്‍ട്ടി-ലെയിൻ ഫ്രീ ഫ്ലോ' ടോള്‍ സംവിധാനമാണ് വാഹന യത്രികർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനം. നിലവില്‍ ടോള്‍ പ്ലാസകളില്‍ ബാരിയറുകള്‍ക്ക് മുന്നില്‍ വാഹനം നിർത്തിയാണ് ടോള്‍ നല്‍കുന്നത്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ വാഹനങ്ങള്‍ നിർത്താതെ തന്നെ യാത്ര തുടരുന്നതിനിടയില്‍ ഇലക്‌ട്രോണിക് രീതിയില്‍ ടോള്‍ ഈടാക്കും. പുതിയ അതിവേഗ പാതകള്‍ക്കായുള്ള പദ്ധതി തയ്യാറാക്കുന്ന സമയത്ത് തന്നെ ഈ സംവിധാനം നടപ്പിലാക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് എൻ.എച്ച്‌.എ.ഐ വ്യക്തമാക്കി..
ഇതിന് പുറമെ ഭാവിയിലെ ഗതാഗത ആവശ്യങ്ങള്‍ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും പുതിയ മാർഗ്ഗരേഖ മുൻതൂക്കം നല്‍കുന്നുണ്ട്. ഒരു റൂട്ടിലെ ട്രാഫിക്ക് പ്രൊജക്ഷൻ കണ്ടെത്തുന്നതിനായി, നിലവില്‍ ആ പാത ഉപയോഗികുന്ന വാഹനങ്ങള്‍, മറ്റു റോഡുകളില്‍ നിന്നും ആ റോഡിലേക്ക് മാറാൻ സാധ്യതയുള്ള വാഹനങ്ങള്‍, ഭാവിയില്‍ വാണിജ്യ ചരക്ക് ഗതാഗതത്തില്‍ ഉണ്ടാകാൻ ഇടയുള്ള വർധനവ് എന്നിവ കൃത്യമായി പരിശോധിക്കും. ടോള്‍ ഡേറ്റ ഉള്‍പ്പടെയുള്ളവ ഇതിനായി ഉപയോഗിക്കും. നിർമ്മാണ പ്രവർത്തനങ്ങളില്‍ കൂടുതല്‍ കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി 'ഓട്ടോമേറ്റഡ് ആൻഡ് ഇൻ്റലിജൻ്റ് മെഷീൻ എയ്ഡഡ് കണ്‍സ്ട്രക്ഷൻ' സാങ്കേതികവിദ്യ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.റോഡ് നിർമ്മാണം പൂർത്തിയായ ശേഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന രീതിക്ക് പകരം, പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും ലാൻഡ്സ്കേപ്പിംഗിനുമുള്ള പ്ലാനുകള്‍ തയ്യാറാക്കണം. ഫ്ലൈഓവറുകള്‍ക്ക് താഴെയും, ഹൈവേ മീഡിയനുകളിലും മറ്റും അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കും. വെള്ളം ലാഭിക്കുന്നതിനായി മീഡിയനുകളില്‍ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം ഏർപ്പെടുത്തും. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കൃത്യമായ ഡ്രെയിനേജ് പ്ലാനുകളും പുതിയ ഹൈവേകളുടെ ഡി.പി.ആറില്‍ നിർബന്ധമാക്കിയിട്ടുണ്ട്.
Previous Post Next Post