രാജ്യവ്യാപകമായി കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സുപ്രീംകോടതി.ഡല്‍ഹി സത്യനികേതനില്‍ ബോയ്സ് ഹോസ്റ്റല്‍ കെട്ടിടം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട വിഷയം പരാമർശിക്കവേയാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഹോസ്റ്റല്‍ അപകടവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റുമെന്നും വിഷയം ഉടൻ പരിഗണിക്കുമെന്നും ജസ്റ്റീസുമാരായ എ. അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഡല്‍ഹിയിലെ സ്വകാര്യ പിജികളിലും ഹോസ്റ്റലുകളിലും അടിയന്തര സുരക്ഷാ പരിശോധനയും ഓഡിറ്റും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹർജിയെത്തിയത്. സമാന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കേസ് സുപ്രീംകോടതിയിലേക്കു മാറ്റുന്നതാണ് ഉചിതമെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയും നിർദേശിച്ചു.സത്യനികേതനിലെ അപകടം നടുക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തേ ഡല്‍ഹിയിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെ, അപകടകരമായ കെട്ടിടങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്ത മുനിസിപ്പല്‍ അധികൃതരെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു. ചില മേഖലകളില്‍ വിദഗ്ധ പരിശോധന നടത്താനും ഉത്തരവിട്ടിരുന്നു.