പശ്ചിമേഷ്യയില്‍ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ അഞ്ച് ക്രൂഡ് ഓയില്‍ കപ്പലുകള്‍ അമേരിക്ക തകർത്തു.യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രണ്ട് തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.
യുഎസ് സെൻട്രല്‍ കമാൻഡാണ് (CENTCOM) കപ്പലുകള്‍ തകർത്ത വിവരം പുറത്തുവിട്ടത്. ഇറാന്റെ മിസൈല്‍ ആക്രമണശ്രമങ്ങള്‍ യുഎസ് യുദ്ധക്കപ്പല്‍ വിജയകരമായി മറികടന്നതായും അമേരിക്കൻ സൈനികർക്ക് പരിക്കേല്‍ക്കുകയോ കപ്പലിന് പ്രവർത്തനപരമായ തകരാർ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും CENTCOM അറിയിച്ചു. ഇറാന്റെ സ്റ്റേറ്റ് ബന്ധമുള്ള സമുദ്രഗതാഗത ശൃംഖലയിലെ അഞ്ച് കപ്പലുകള്‍ക്കെതിരെയാണ് അമേരിക്ക ഏകോപിത ആക്രമണം നടത്തിയത്. M/T Kaviz, M/T Charminar, M/T Horizon 1, M/T Riesco എന്നീ നാല് എണ്ണക്കപ്പലുകള്‍ ഗള്‍ഫ് ഓഫ് ഒമാനില്‍ തകർത്തു. M/T Derya എന്ന അഞ്ചാമത്തെ കപ്പല്‍ ഖാർഗ് ദ്വീപിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് മുമ്പ് അഞ്ച് കപ്പലുകളിലെയും ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ അമേരിക്ക നിർദേശം നല്‍കിയിരുന്നതായും CENTCOM വ്യക്തമാക്കി. ഇറാൻ കോടിക്കണക്കിന് ഡോളർ വരുന്ന രഹസ്യ ശൃംഖലയിലൂടെ IRGCയ്‌ക്കും മേഖലയിലെ അനുബന്ധ സായുധസംഘങ്ങള്‍ക്കും ധനസഹായം നല്‍കാൻ ഈ കപ്പലുകള്‍ ഉപയോഗിച്ചിരുന്നതായും CENTCOM ആരോപിച്ചു.ഇറാന്റെ സമുദ്ര അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരായ അമേരിക്കയുടെ മൂന്ന് ദിവസത്തിനിടയിലെ രണ്ടാമത്തെ വലിയ ആക്രമണമാണിത്. സെപ്റ്റംബർ അഞ്ചിന് മൂന്ന് ഇറാനിയൻ ക്രൂഡ് ഓയില്‍ കപ്പലുകള്‍ കൂടി അമേരിക്ക തകർത്തിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലിനും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറിനും നേരെ IRGC ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയായിരുന്നു അന്നത്തെ ആക്രമണം.