ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ഇന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളില്‍ ഇന്ത്യൻ ടീം വെള്ളി മെഡല്‍ നേടി.ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പട്ടേല്‍ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ടീം ടോട്ടലില്‍ ഇന്ത്യ 1890.1 പോയിന്റാണ് നേടിയത്. ചൈനയാണ് സ്വർണം നേടിയത്. 1899 ആണ് ചൈനയുടെ നേട്ടം. 1882.5 പോയിന്റോടെ ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തെത്തി.
10 മീറ്റർ എയർ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെയായിരുന്നു ചൈന സ്വർണമെഡല്‍ നേടിയത്. ഇന്ത്യയുടെ രുദ്രാൻക്ഷ് പട്ടേലും ഹിമാൻഷു ധില്ലനും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലെത്തി. 631.8 നേടിയ രുദ്രാൻക്ഷ് മൂന്നാം സ്ഥാനത്താണ് എത്തിയത്. ധില്ലൻ 630 നേടി ഏഴാം സ്ഥാനത്തെത്തി . അതേസമയം മറ്റൊരു ഷൂട്ടറായ പാർത്ഥ് മാനെ 628.3 പോയിന്റോടെ 11-ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.മറ്റ് ചില വിഭാഗങ്ങളിലും മെഡല്‍ ഉറപ്പിക്കുന്ന കരുത്തുറ്റ പ്രകടനം ഇന്ത്യൻ താരങ്ങളുടേതായുണ്ടായി. എംഎംഎയില്‍ വനിതാ വിഭാഗത്തില്‍ സുചിക തര്യാല്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേട്ടം ഉറപ്പിച്ചു. ഇന്റിവിജ്വല്‍ 60 കിലോ വിഭാഗത്തിലെ മത്സരത്തിലാണ് നേട്ടം. വനിതാ ക്രിക്കറ്റ് ടീമും ഒരു മെഡല്‍ നേട്ടം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം കബഡി ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങും, ഇവരിലൂടെയും മെഡല്‍ നേട്ടം ഇന്ത്യ പ്രതീക്ഷിക്കുന്നു. ടേബിള്‍ ടെന്നീസില്‍ ഇന്ത്യ രണ്ട്‌തവണ പാകിസ്ഥാനെ നേരിടും.