എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നതര്‍ക്ക് സ്റ്റേഷന്‍ ചുമതല; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച്‌ പോലിസ് മേധാവി.

പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച്‌ പോലിസ് മേധാവി.സസ്‌പെന്‍ഷനിലുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.

മാതൃകാ സ്റ്റേഷനുകളാക്കാന്‍ പോലിസ് സ്റ്റേഷനുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദത്തെടുക്കണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. 2025ല്‍ ഡിജിപിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലിസ് മേധാവി നല്‍കിയത്. വികിസിത് ഭാരതിന്റെ ഭാഗമായാണ് മാതൃകാസ്റ്റേഷനായി ഉയര്‍ത്തുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വര്‍ക്കല പോലിസ് സ്റ്റേഷന്റെ ചുമതലയാണ് എം ആര്‍ അജിത് കുമാറിന് നല്‍കിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് കിളിമാനൂര്‍ സ്റ്റേഷന്റെ ചുമതലയും നല്‍കി.അങ്ങനെ കേരള കേഡറിലെ പത്ത് വര്‍ഷം സര്‍വീസുള്ള എസ്പി മുതല്‍ ഡിജിപി വരെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷന്‍ ചുമതല നല്‍കി. സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ ചുമതല ഏറ്റെടുക്കാമല്ലോയെന്നായിരുന്നു അജിത് കുമാറിനെയും ഉള്‍പ്പെടുത്തുമ്പോള്‍ പോലിസ് ആസ്ഥാനത്തെ ആലോചന. പക്ഷേ വിവാദമായി. ഇതോടെ ഉത്തരവ് പിന്‍വലിക്കാന്‍ പോലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തീരുമാനിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം പട്ടിക പുതുക്കി ഉത്തരവിറക്കും.
Previous Post Next Post