പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ 'പ്രവിക്' എന്ന വീടിനു മുന്നിലെ പൊലീസ് കാവല്‍ ഇനി അദ്ദേഹം വീട്ടിലുള്ളപ്പോള്‍ മാത്രം മതിയെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വീടിനു മുന്നില്‍ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് ഈ മാസം ഒന്നിന് എടുത്തുമാറ്റിയിരുന്നു.
പിണറായി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വീടിനു മുന്നില്‍ ജീപ്പ് സ്റ്റേഷൻ ആരംഭിച്ചത്. പിന്നീട് ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരുടെ 24 മണിക്കൂർ കാവല്‍ തുടരുകയായിരുന്നു. കണ്ണൂർ എആർ ക്യാംപിലെ 2 എസ്‌ഐമാരും 6 സിവില്‍ പൊലീസ് ഓഫിസർമാരുമാണ് ഇതുവരെ വിവിധ ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്തിരുന്നത്.
ഇനി പിണറായി വിജയൻ വീട്ടിലുള്ളപ്പോള്‍ മാത്രം ഒരു എസ്‌ഐയും 2 പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി.