ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറൻസും തമ്മില്‍ വന്ദേമാതരം ആലാപനച്ചൊല്ലി പോര് രൂക്ഷമാകുന്നു.
ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുപാർട്ടികളും തമ്മിലുള്ള വാഗ്വാദത്തിലേക്ക് വഴിതുറന്നിരിക്കുന്നത്.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയായിരുന്നുവെന്നും, കുറഞ്ഞപക്ഷം സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകളെയെങ്കിലും മാനിക്കാമായിരുന്നുവെന്നുമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ എക്സിലൂടെയുള്ള പരസ്യവിമർശനം.
എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ പ്രസ്താവനയെ അതിരൂക്ഷമായ ഭാഷയിലാണ് നാഷണല്‍ കോണ്‍ഫറൻസ് പ്രതിരോധിച്ചത്. എത്ര വരികള്‍ ആലപിക്കണമെന്നും എവിടെ നിർത്തുണമെന്നും ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്നും എൻ.സി വക്താവ് ബാഷിർ അഹമ്മദ് വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് കരുതി സ്വന്തം നയങ്ങളും നിലപാടുകളും ഘടകകക്ഷികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.