ട്രാഫിക് നിയമം തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടുന്ന കാലം മാറിയേക്കും. സിഗ്നല്‍ തെറ്റിക്കല്‍, അമിതവേഗം, വണ്‍വേ നിയമലംഘനം തുടങ്ങിയവ ആവർത്തിക്കുന്ന ഡ്രൈവർമാരെ ലക്ഷ്യമിട്ട് ഡ്രൈവിങ് ലൈസൻസില്‍ പോയിന്റ് അധിഷ്ഠിത നെഗറ്റീവ് മാർക്കിങ് കൊണ്ടുവരാനുള്ള നിർദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുന്നോട്ട്.
നിശ്ചിത പരിധിയില്‍ കൂടുതല്‍ നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ചാല്‍ ലൈസൻസ് താല്‍ക്കാലികമായി സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനൊപ്പം വാഹനത്തിന്റെ ആർസിയിലും നടപടി വരാൻ സാധ്യതയുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനത്തിന് സമാനമായ രീതിയിലാണ് ഇന്ത്യയിലും പോയിന്റ് സിസ്റ്റം ആലോചിക്കുന്നത്. ഓരോ ഡ്രൈവിങ് ലൈസൻസിനും നിശ്ചിത പോയിന്റുകള്‍ ഉണ്ടായിരിക്കും. ട്രാഫിക് നിയമം ലംഘിക്കുമ്പോള്‍ അതനുസരിച്ചുള്ള പോയിന്റുകള്‍ കുറയും. എല്ലാ നിയമലംഘനങ്ങള്‍ക്കും ഒരേ പോയിന്റായിരിക്കില്ല. ഹെല്‍മെറ്റ് ധരിക്കാത്തതുപോലുള്ള ചെറിയ തെറ്റുകള്‍ക്ക് കുറഞ്ഞ പോയിന്റും അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ക്ക് കൂടുതല്‍ പോയിന്റും കുറയ്ക്കാനാണ് ആലോചന. എന്നാല്‍ മൂന്നോ അഞ്ചോ തവണ നിയമം തെറ്റിച്ചാല്‍ ലൈസൻസ് പോകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും ചില റിപ്പോർട്ടുകളിലും പ്രചരിക്കുന്ന വിവരങ്ങള്‍ ഔദ്യോഗികമല്ല. ഓരോ നിയമലംഘനത്തിനും എത്ര പോയിന്റ് കുറയ്ക്കണം, എത്ര പോയിന്റിലെത്തുമ്പോള്‍ ലൈസൻസ് റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ അന്തിമ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുണ്ട്.
പുതിയ സംവിധാനത്തിലെ മറ്റൊരു പ്രധാന നിർദേശം വാഹനത്തിന്റെ ആർസിയിലും പോയിന്റ് ഏർപ്പെടുത്തുന്നതാണ്. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ആർസി സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതും പരിഗണനയിലുണ്ട്. എന്നാല്‍ ഒരേ വാഹനം കുടുംബത്തിലെ പലരും ഉപയോഗിച്ചാല്‍ പോയിന്റ് ആർക്കാണ് കുറയ്ക്കുക, വാഹനം കടം വാങ്ങിയ വ്യക്തി നിയമലംഘനം നടത്തിയാല്‍ ഉത്തരവാദിത്തം ആർക്കായിരിക്കും, വാഹനം വില്‍ക്കുമ്പോള്‍ പഴയ പോയിന്റുകള്‍ പുതിയ ഉടമയെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. അന്തിമ നിയമരേഖയിലൂടെയാകും ഇത്തരം സംശയങ്ങള്‍ക്ക് പരിഹാരമുണ്ടാകുക.
അതേസമയം, സംവിധാനം ശിക്ഷയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് നിർദേശം. ഒരു വർഷം ട്രാഫിക് നിയമലംഘനങ്ങളൊന്നും നടത്താതെ മികച്ച റെക്കോർഡ് നിലനിർത്തുന്ന ഡ്രൈവർമാർക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പദ്ധതികളും ആലോചനയിലുണ്ട്. നിലവിലുള്ള ഇ-ചെല്ലാൻ സംവിധാനവും റോഡുകളിലെ എ.ഐ. ക്യാമറകളും പോയിന്റ് സിസ്റ്റം നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ ഡിജിറ്റലായി ഡ്രൈവറുടെ രേഖയില്‍ ചേർത്ത് പോയിന്റുകള്‍ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. വല്ലപ്പോഴും അബദ്ധത്തില്‍ ചെറിയ തെറ്റ് ചെയ്യുന്ന സാധാരണ ഡ്രൈവർമാരേക്കാള്‍, നിയമങ്ങള്‍ സ്ഥിരമായി ലംഘിക്കുന്നവരെയാകും സംവിധാനം കൂടുതല്‍ ബാധിക്കുക. നിലവില്‍ ഇത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള നിർദേശം മാത്രമാണ്; പുതിയ നിയമങ്ങളും പോയിന്റ് സ്ലാബുകളും പ്രാബല്യത്തില്‍ വരുന്നതുവരെ നിലവിലെ ട്രാഫിക് നിയമങ്ങളും ഇ-ചെല്ലാൻ പിഴകളും തന്നെയായിരിക്കും തുടരുക.