മീനടം, പാമ്പാടി എന്നീ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനമായി

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബര്‍ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്നലെ (സെപ്റ്റംബര്‍ 3) പ്രസിദ്ധീകരിച്ചു. ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന്‍(തൃക്കൊടിത്താനം), മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് (കുമ്പന്താനം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രികകള്‍ സെപ്റ്റംബര്‍ പത്തുവരെ സ്വീകരിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന 11ന് നടക്കും. സെപ്റ്റംബര്‍ 14 വരെ പത്രിക പിന്‍വലിക്കാം.

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ജില്ലാപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന്‍റെ വരണാധികാരി. കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരാണ് യഥാക്രമം ചീരംകുളം, കുമ്പന്താനം വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ വരണാധികാരികള്‍.

 ഉപതെരഞ്ഞെടുപ്പിന്‍റെ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. ബിനി, തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
Previous Post Next Post