38 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന്; വോട്ടെണ്ണല്‍ 29ന്.

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണല്‍.ഏഴ് തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉള്‍പ്പെടെയാണ് 38 വാ‍‍ർഡുകളില്‍ ഉപതെരഞ്ഞെടുപ്പ്.

സെപ്തംബർ മൂന്ന് മുതല്‍ പത്ത് വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.

28ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. രണ്ട് കോർപ്പറേഷൻ വാർഡുകള്‍, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാർഡുകള്‍ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.309713 പേരാണ് വോട്ടർ പട്ടികയിലുളളത്.മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളില്‍ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്.
Previous Post Next Post