മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ വില്ലേജ് ഓഫീസർ അറസ്റ്റില്‍.
കണ്ണൂർ സ്വദേശിയും ഇടക്കാട് വില്ലേജ് ഓഫീസറുമായ ജിജു സ്കറിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
25-ന് രാത്രി 11.30ഓടെയാിരുന്നു സംഭവം. മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഓഫീസിലെത്തിയ യുവതിക്ക് വില്ലേജ് ഓഫീസർ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും രാത്രി വീട്ടിലെത്തുകയുമായിരുന്നു. യുവതിയുടെ വീട് തേടിയെത്തിയ ജിജു സ്കറിയയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ച് പൊലിസിലേല്‍പ്പിച്ചു.
മൂന്ന് വർഷം മുമ്പ് മരിച്ച അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനായി യുവതി ഏതാനും ദിവസം മുമ്പ് എടക്കാട് വില്ലേജ് ഓഫീസില്‍ എത്തിയിരുന്നു. തുടർന്ന് യുവതിയുടെ നമ്പർ കൈക്കലാക്കിയ വില്ലേജ് ഓഫീസർ, തുടർച്ചയായി യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. ലൈംഗികചുവയോടെയുള്ള സന്ദേശങ്ങള്‍ക്ക് യുവതിയുടെ ഭർത്താവാണ് മറുപടി നല്‍കിയത്. തുടർന്നാണ് ജിജു സ്കറിയ വീട്ടിലെത്തിയതെന്നാണ് വിവരം.
അതേസമയം, താൻ ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന് ആരോപിച്ച് വില്ലേജ് ഓഫീസറും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും യുവതിക്കും ഭർത്താവിനും 12 പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.