ലഹരിമരുന്ന് മാഫിയയ് ക്കെതിരേ സംസ്ഥാനത്ത് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാന്റെ'രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും തൂഫാൻ രണ്ടാം ഘട്ടം നടപ്പാക്കുക. ഹരിത കർമസേന, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണു പ്രവർത്തനം.
1,200 തദ്ദേശ സ്ഥാപനങ്ങളിലും ഈ മാസം 28 ന് തൂഫാൻ ഫ്ലാഗ് ഉയർത്തും. 1,034 വാർഡുകളിലും തൂഫാൻ സമിതികള്‍ രൂപവത്കരിക്കും. 10 പേർ വീതമുള്ള സമിതിക്കു രൂപം നല്‍കും. തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കും. തൂഫാൻ 2.0 യുടെ ഭാഗമായി എല്ലാ വാർഡുകളിലും ബീറ്റ് പൊലിസ് സംവിധാനം ഉണ്ടാകും.
ആദ്യഘട്ടം വൻ വിജയകരമായിരുന്നുവെന്നു വിലയിരുത്തിയാണു കൂടുതല്‍ ജനപങ്കാളിത്തത്തോടെ രണ്ടാംഘട്ട പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നത്. ജനങ്ങള്‍ക്ക് ലഹരി കടത്തിനെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും തികച്ചും രഹസ്യമായും കൈമാറാനുള്ള പ്രത്യേക സൗകര്യങ്ങള്‍ രണ്ടാംഘട്ടത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നു മന്ത്രി ചെന്നിത്തല വാര്ത്താസമ്മേളനത്തില് അറിയിച്ചു.രണ്ടാംഘട്ടത്തില്‍ പ്രാദേശിക തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വീടുകള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രതിരോധം തീർക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഇതിനായി വിദ്യാര്ഥികളെയും വീട്ടമ്മമാരെയും പദ്ധതിയുടെ സജീവ പങ്കാളികളാക്കും. ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി പരിഗണിച്ച് അവർക്കു സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന "തൂഫാൻ കെയർ' പദ്ധതിയും ഇതിനൊപ്പം കൂടുതല്‍ ഊർജിതമാക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി കെ.എം. ഷാജിയും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.