കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ പുണെ സ്വദേശി ദുക്കാറാം കാംബ്ലെയാണ് പിടിയിലായത്. കയ്പ്പമംഗലം മൂന്നുപീടികയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. വാഹനം ദേശീയപാതയില്‍ അനധികൃത പാർക്ക് ചെയ്‌തതാണ് എട്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വഴിയില്‍ മതിയായ സൂചനാബോർഡുകള്‍ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം രാത്രി 11.42നായിരുന്നു അപകടം. കയ്പ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ മേല്‍പ്പാലം കടന്നെത്തിയ കാറ് റോഡില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. ദിണ്ടിഗല്‍ പിഎസ്‌എന്‍എ എഞ്ചിനിയറിങ് കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. പാലം ഇറങ്ങി സർവീസ് റോഡ് വഴിയാണ് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ സർവീസ് റോഡിലേക്ക് നയിക്കുന്ന ഡിവൈഡറുകള്‍ ഉണ്ടായിരുന്നില്ല. ഡൈവർഷൻ സൂചിപ്പിക്കുന്ന സൂചന ബോർഡുകളും സ്ഥാപിച്ചിരുന്നില്ല. ഇതാണ് കാർ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്ന പാതയിലേക്ക് വേഗതയില്‍ പ്രവേശിച്ച് അപകടത്തിനിടയാക്കിയത് എന്നാണ് ആക്ഷേപം.