അപ്രഖ്യാപിത വൈദ്യുതി തടസം; രാത്രിയില്‍ വൈറ്റില കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു നാട്ടുകാര്‍

നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്ച രാത്രി നാട്ടുകാർ വൈറ്റില കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു.ഇടയ്ക്കിടെയുള്ള വൈദ്യുദി മുടക്കംമൂലം വീട്ടില്‍ കിടന്നുറങ്ങാൻ പറ്റാതായതോടെ നാട്ടുകാർ സംഘടിച്ച്‌ കെഎസ്‌ഇബി ഓഫീസിലേക്കെത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാരെത്തിയതോടെ രംഗം വഷളായി.

തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. നാട്ടുകാർക്കൊപ്പം കൗണ്‍സിലർ അനു തങ്കച്ചനുമുണ്ടായിരുന്നു. പോലീസും ജീവനക്കാരും അറിയിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് എൻജീനയർ സ്ഥലത്തെത്തി. തൈക്കൂടം സബ് സ്റ്റേഷനില്‍ പാനല്‍ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ മറ്റു ഫീഡറുകളില്‍നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. എന്നാല്‍ ലോഡു താങ്ങാൻ പറ്റാതെ വരുമ്പോഴാണ് വിതരണം തടസപ്പെടുന്നത്.44, 48 ഡിവിഷനുകളിലാണ് ഈ പ്രതിസന്ധി. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജോലികള്‍ അടത്ത തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ. ആവശ്യമുള്ളിടത്ത് വേണ്ടത്ര വൈദ്യുതി ലഭിക്കാനുള്ള ബദല്‍ മാർഗമില്ലാത്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ തുടങ്ങി മറ്റു ഫീഡറുകളില്‍നിന്നു വൈദ്യുതി ബന്ധം സ്ഥാപിച്ച്‌ പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.


Previous Post Next Post