മലമുകളില്‍നിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് പിതാവും മകനും ദാരുണമായി മരണപ്പെട്ടു.
ഇതുകണ്ട് പരിഭ്രാന്തയായ അമ്മയും തൊട്ടുപിന്നാലെ മലമുകളില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലുള്ള ഖവ്ഡ ഹില്ലില്‍ വെള്ളിയാഴ്ചയാണ് എല്ലാവരെയും നടുക്കിയ ഈ സംഭവം നടന്നത്.
പതിനെട്ടുകാരനായ കുനാല്‍ ഒരു ഐഫോണ്‍ വാങ്ങിയെങ്കിലും അതിന്റെ ഗഡുക്കള്‍ (ഇ.എം.ഐ) തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ തർക്കമാണ് വലിയ ദുരന്തത്തില്‍ കലാശിച്ചതെന്ന് വ്യാഴാഴ്ച പോലീസ് വ്യക്തമാക്കി. കുനാലും പിതാവും മലമുകളില്‍ നിന്ന് താഴേക്ക് വീഴുകയും, തൊട്ടുപിന്നാലെ അമ്മ താഴ്ചയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മലയിടുക്കിന്റെ അരികില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കുനാലിനോട് "അമ്മയ്ക്കുവേണ്ടി ജീവിക്കൂ" എന്ന് ഒരാള്‍ പറയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. എന്നാല്‍ "ഇല്ല, എനിക്ക് മരിക്കണം, അതുമാത്രമാണ് ഏക വഴി" എന്നായിരുന്നു അവന്റെ മറുപടി. തൊട്ടുപിന്നാലെ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ അവനെ പിന്തിരിപ്പിക്കാനും താഴേക്ക് വലിച്ചെടുക്കാനും ശ്രമിച്ചെങ്കിലും രണ്ടുപേരും താഴേക്ക് പതിച്ചു. സംഭവം കണ്ടുനില്‍ക്കുകയായിരുന്ന അമ്മ അടുത്ത നിമിഷം കൊക്കയിലേക്ക് എടുത്തുചാടി.
തിസ്ഗാവ് ഗ്രാമത്തിലെ മുൻ സർപഞ്ചായ സഞ്ജയ് ജാഥവ് ഉള്‍പ്പെടെയുള്ളവർ കുനാലിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഐഫോണ്‍ 15 പ്രോ വാങ്ങി നല്‍കാമെന്ന് പോലും ചിലർ അവനോട് പറഞ്ഞു. അവൻ പഠിച്ച കുട്ടിയാണെന്നും നല്ലൊരു ഭാവി മുന്നിലുണ്ടെന്നും അമ്മയെ ഓർത്തെങ്കിലും ജീവൻ ഒടുക്കരുതെന്നും തങ്ങള്‍ കഴിവതും അപേക്ഷിച്ചതായി ജാഥവ് പറഞ്ഞു. എന്നാല്‍ തോളനക്കി കാണിക്കുകയും മരണം മാത്രമാണ് പരിഹാരമെന്ന് വാശിപിടിക്കുകയുമായിരുന്നു കുനാല്‍.