രോഗിയോട് അഹങ്കാരവും അനാദരവും; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ വൈറല്‍ വീഡിയോയില്‍ വന്‍ പ്രതിഷേധം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രാത്രി ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സി.എം.ഒ) ഡോ.രേഖ അതിരൂക്ഷമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധം ഉയരുന്നു. രാത്രി സമയങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ (ക്യാഷ്വാലിറ്റി) എത്തുന്ന രോഗികളോട് അഹങ്കാരത്തോടെ സംസാരിക്കുകയും ചികിത്സ നിഷേധിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

രാത്രിയില്‍ ദേഹവേദനയും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയില്‍ എത്തിയ വീട്ടമ്മയോടാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയത്. 'സൗകര്യമില്ല, എമര്‍ജന്‍സി കാണാന്‍ ഇത് ഓടിക്കയറാനുള്ള സ്ഥലമല്ല' എന്നടക്കമുള്ള പ്രകോപനപരമായ വാദങ്ങളാണ് ഡോക്ടര്‍ ഉന്നയിച്ചത്. പകല്‍ സമയത്ത് വരേണ്ട അസുഖങ്ങള്‍ക്ക് പാതിരാത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് വരേണ്ടതില്ലെന്നും, ആറു മണിക്ക് മുന്‍പ് ചികിത്സ തീര്‍ത്ത് വീടുകളിലേക്ക് മടങ്ങണമെന്നും ഡോക്ടര്‍ രോഗിയോട് കയര്‍ത്തു സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

തങ്ങള്‍ക്ക് ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സമയത്ത് രോഗികള്‍ എമര്‍ജന്‍സിയല്ലാത്ത കാരണങ്ങളുമായി എത്തരുതെന്ന മട്ടിലാണ് ഡോക്ടറുടെ പ്രതികരണങ്ങള്‍. നെഞ്ചുവേദനയോ അറ്റാക്കോ പോലെയുള്ള കാര്യങ്ങള്‍ മാത്രമാണ് എമര്‍ജന്‍സിയെന്നും, അത് നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങളുണ്ടെന്നും പറഞ്ഞ് രോഗിയെ അപമാനിക്കുകയായിരുന്നു. രോഗിയുടെ വേദനയെയും പ്രയാസങ്ങളെയും പുച്ഛിച്ചു തള്ളുന്ന തരത്തിലുള്ള വാഗ്വാദങ്ങളാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത്.സംഭവം വന്‍ വിവാദമായതോടെ ഡോ. രേഖയ്‌ക്കെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്ന കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. വിജിലന്‍സ് കേസുകളിലും മേലധികാരികളോട് തട്ടിക്കയറിയ സംഭവങ്ങളിലും ഇവര്‍ക്കെതിരെ അന്വേഷണങ്ങളും പ്രതികൂല റിപ്പോര്‍ട്ടുകളും നിലവിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇടത് അനുകൂല സര്‍വീസ് സംഘടനകളുടെ തണലിലാണ് ഇവര്‍ക്കെതിരെ മുന്‍പ് നടപടികള്‍ ഉണ്ടാകാതിരുന്നതെന്ന വിമര്‍ശനവും രൂക്ഷമാണ്.

ഡോക്ടര്‍മാര്‍ക്ക് ജോലിഭാരവും വര്‍ക്ക് പ്രഷറും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ചികിത്സ തേടിയെത്തുന്ന സാധുക്കളായ രോഗികളോട് ഇത്തരം അഹങ്കാരത്തോടെ പെരുമാറുന്നത് ന്യായീകരിക്കാനാകില്ലെന്ന് പൊതുസമൂഹം ചൂണ്ടിക്കാണിക്കുന്നു. രാത്രികാലങ്ങളില്‍ എത്തുന്ന രോഗികളെ സൗമ്യമായി കേള്‍ക്കാനും അത്യാവശ്യ പരിചരണം നല്‍കാനും ബാധ്യസ്ഥരായവര്‍ തന്നെ രോഗികളെ ആട്ടിയോടിക്കുന്നത് ആരോഗ്യവകുപ്പിന് തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുമ്പോഴാണ് ചില ജീവനക്കാരുടെ ഇത്തരത്തിലുള്ള സ്വഭാവദൂഷ്യം തിരിച്ചടിയാകുന്നത്. 24 മണിക്കൂറും സേവനം ഉറപ്പാക്കേണ്ട അത്യാഹിത വിഭാഗത്തില്‍ നിന്നും രോഗികളെ രാത്രിയില്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് തികഞ്ഞ തന്നിഷ്ടമാണ്.
Previous Post Next Post