രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) ആയി സേവനമനുഷ്ഠിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ മേജർ ഋഷഭ് സിംഗ് സാംബ്യാല്‍ ഇന്ത്യൻ സൈന്യത്തില്‍ നിന്ന് സ്വമേധയാ വിരമിച്ചു.
ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസില്‍ നിന്ന് വിരമിച്ചത്.
രാഷ്ട്രപതിക്കൊപ്പം ഔദ്യോഗിക പരിപാടികളിലും വിദേശ സന്ദർശനങ്ങളിലുമടക്കം സ്ഥിരമായി പ്രത്യക്ഷപ്പെട്ടതോടെയാണ് മേജർ സാംബ്യാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ സൈനിക അച്ചടക്കത്തിനും ആത്മവിശ്വാസമുള്ള പെരുമാറ്റത്തിനും ആരാധകർ നിരവധിയാണ്. സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ നിരവധി ഫാൻ പേജുകളും അദ്ദേഹത്തിന്റെ പേരില്‍ രൂപപ്പെട്ടു. തുടർന്നാണ് 'നാഷണല്‍ ക്രഷ്' എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്.
ജമ്മുവിലെ സൈനിക പാരമ്പര്യമുള്ള കുടുംബത്തിലാണ് മേജർ ഋഷഭ് സിംഗിന്റെ ജനനം. നാഷണല്‍ ഡിഫൻസ് അക്കാദമിയിലും ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും പരിശീലനം നേടിയ ശേഷമാണ് അദ്ദേഹം സൈന്യത്തില്‍ പ്രവേശിച്ചത്. 2021ലെ റിപ്പബ്ലിക് ഡേ പരേഡില്‍ ജാട്ട് റെജിമെന്റിന്റെ സംഘത്തെ നയിച്ചപ്പോഴും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
2024-25 കാലയളവിലാണ് ഋഷഭ് സാംബ്യാല്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി ആയി നിയമിതനായത്. രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മഴയത്ത് രാഷ്ട്രപതിക്ക് കുട പിടിച്ചുനിന്നതും വൈകാരികമായ ചില സന്ദർഭങ്ങളില്‍ സഹായിച്ചതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധനേടി.
ഇതോടെയാണ് അദ്ദേഹം ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നതിലുപരി പൊതുജനങ്ങള്‍ക്ക് സുപരിചിതമായ മുഖമായി മാറിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തെ സ്വന്തം മകനെപ്പോലെയാണ് കാണുന്നതെന്നും, ഋഷഭ് സാംബ്യാല്‍ മുർമുവിനെ സ്വന്തം അമ്മയെപ്പോലെയാണ് പരിചരിക്കുന്നതെന്നും പറയുന്ന നിരവധി കമന്റുകളാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നത്.