ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പട്ടാപ്പകല്‍ മോഷണം നടന്നത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവർന്നത്.
വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്. കുട്ടികളുടെ ആഭരണങ്ങളടക്കമാണ് നഷ്ടമായത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകള്‍ നഷ്ടമായിട്ടില്ല.
സംഭവത്തില്‍ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുൻപ് സമാന രീതിയില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.