അതിതീവ്ര മഴയുടെയും പമ്പയിലെ വെള്ളപൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ ഭക്തർ ശബരിമല ദർശനം കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭ്യർഥന.
നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തരോടാണ് ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ടെന്നും ഈ സമയം ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യർത്ഥന നടത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു. അതേസമയം സംസ്ഥാനത്താകെ അതിതീവ്ര മഴ തുടരുകയാണ്. 9 ജില്ലകളില്‍ റെഡ് അലർട്ടും 5 ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.