ഒറ്റ രാത്രിയില്‍ തകര്‍ന്നത് ഒരു കുടുംബത്തിന്റെ ജീവിതം; അവരുടെ വീടുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരു മണ്‍കൂന; ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത് അമ്മയെയും മകനെയും.


പുലർച്ചെ രണ്ടുമണിയോടെ മഴ തകർത്തുപെയ്യുകയായിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തിലെ മണപ്പാട്ട് ജോണിയുടെ വീടിനെ ആ മഴ നാമാവശേഷമാക്കി.

പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും ദാരുണാന്ത്യം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്.

പുലർച്ചെ ഏഴുമണിയോടെ ആദ്യം കണ്ടെത്തിയത് മകൻ ജോസഫിന്റെ മൃതദേഹം. അവിടെനിന്ന് രക്ഷാപ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നത് ഇനിയും വലിയ ദൗത്യം. കോണ്‍ക്രീറ്റ് പാളികളും മണ്ണും കല്ലും നീക്കി, അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജീനയുടെ മൃതദേഹം കൂടി കണ്ടെത്തിയത്.

ഒരിക്കല്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും ജീവിതവും നിറഞ്ഞുനിന്നിരുന്ന വീട് ഇന്ന് അവിടെയില്ല. വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മണ്‍കൂന മാത്രം.

ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ വീട് 10 മുതല്‍ 12 മീറ്ററോളം ദൂരത്തേക്ക് ഒലിച്ചുപോയി. ഇവിടെ ഒരു വീടുണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം പ്രദേശം മാറി.

ദുരന്തസമയത്ത് വീട്ടിലുണ്ടായിരുന്നത് റെജീനയും മകൻ ജോസഫിനും മാത്രം. ഭർത്താവ് ജോണി സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വയോധികന്റെ വീട്ടില്‍ കൂട്ടുകിടക്കാൻ പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. മറ്റൊരു മകൻ ജോലിക്കായി എറണാകുളത്തായിരുന്നു.

ഒരു രാത്രി ഉറങ്ങാൻ പോയ കുടുംബം. പുലർന്നപ്പോള്‍ അവിടെ അവശേഷിച്ചത് ഓർമകള്‍ മാത്രം.

ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. രക്ഷാപ്രവർത്തകർ മണ്ണിനടിയില്‍ അമ്മയെയും മകനെയും തേടുമ്പോള്‍ പുറത്തുയർന്ന നിലവിളികള്‍ ദുരന്തത്തിന്റെ വേദനയെ ഇരട്ടിയാക്കി.

അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. മഴ തുടർന്നുകൊണ്ടിരുന്നതിനാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയും നിലനിന്നിരുന്നു. എന്നിട്ടും മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം തിരച്ചില്‍ തുടരുകയായിരുന്നു

കനത്തമഴയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് ജീവനുകളാണ് ശനിയാഴ്ച നഷ്ടമായത്.

Previous Post Next Post