വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി; `നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാൻ പാടില്ല'

കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ആലപ്പുഴയില്‍ നടന്ന പരിപാടിയിലാണ് ഉപരാഷ്ട്രപതിയു‌ടെ ഉപദേശം.

നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുകയാണ്. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. കൃത്യമായ ഇടവേളകളില്‍ കേരളത്തിലെ നദികളില്‍ മണല്‍ നീക്കം നടക്കുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസ്സമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും ആണ് കേരളത്തിൻ്റെ ഏറ്റവും വലിയ സംഭാവനകള്‍ എന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ആദിശങ്കരൻ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കില്‍ നമുക്കിടയില്‍ സമത്വം ഉണ്ടാകുമായിരുന്നില്ലെന്നും എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ആളാണ് മന്നത്ത് പത്മനാഭൻ എന്നും സി പി രാധാകൃഷ്ണൻ പ്രസംഗത്തില്‍ പറഞ്ഞു.
Previous Post Next Post