ബാറുടമകളില്‍ നിന്ന് മാസപ്പടി; ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന് സസ്‌പെന്‍ഷന്‍.


ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്.അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അശോക് കുമാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

എം. മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍, ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷിജു എന്നിവരാണ് സസ്‌പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍. ബാറുകളിലെ പരിശോധനയുടെ കൂടുതല്‍ ദൃശ്യങ്ങളും അശോക് കുമാറിന്റെ സംഭാഷണവും മീഡിയവണിന് ലഭിച്ചു. പരിശോധന നടക്കുമ്പോള്‍ അശോക് കുമാര്‍ ബാറുടമയെ വിളിക്കുന്ന ദൃശ്യവും പുറത്തുവന്നു. ചങ്ങനാശ്ശേരി പഞ്ചവടി ബാറിന്റെ ഉടമയെയാണ് അശോക് കുമാര്‍ വിളിച്ചത്.

ബാറുടമകളില്‍ ചിലരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. മറ്റിടങ്ങളില്‍ രാത്രി 11 മണിക്ക് ബാറുകള്‍ അടയ്ക്കുമ്പോള്‍ ചില ബാറുകള്‍ക്ക് അധിക സമയം പ്രവര്‍ത്തിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വഴിവിട്ട സഹായം ലഭിച്ചിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ ഇന്നലെ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Previous Post Next Post