സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടലുണ്ടായി.
കുടയത്തൂർ അടൂർമലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറി.
ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളില്‍ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂർ ഏഴാം വാർഡിലെ അടൂർ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്.
തൊടുപുഴ അടൂർമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുവീട് പൂർണമായും മണ്ണിനടിയിലായി. മഷിക്കല്ലേല്‍ രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
അപകടത്തില്‍പ്പെട്ട ഗൃഹനാഥൻ രവി, മകൻ രതീഷ് എന്നിവരെ രക്ഷപ്പെടുത്തി. രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം കണ്ടെത്തി.
മുട്ടം ചൊള്ളാവയല്‍, നെല്ലാപ്പാറ, ഏലപ്പാറ എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നുണ്ട്.
തൊടുപുഴ ടൗണിലും വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടർന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയുടെ മലയോരമേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു.
കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നുപതിച്ചു. ജോണിയും ഭാര്യയും മകനും ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വാഗമണ്‍ കോലാഹലമേട്ടില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മുണ്ടക്കയം കോസ്‌വേ പാലം, ഈരാറ്റുപേട്ടയിലെ കോസ്‌വേകള്‍, തീക്കോയി പള്ളിവാതില്‍ പാലം എന്നിവ പൂർണമായും വെള്ളത്തിനടിയിലായി.
ദേശീയപാത 183-ല്‍ അമലഗിരി ഭാഗത്തും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലും തീക്കോയി-വാഗമണ്‍ റൂട്ടിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
പാലാ മൂന്നാനി, എരുമേലി വലിയ അമ്പലമുറ്റം, മുരിക്കോലി, നടക്കല്‍, മുളങ്കയം, പൂഞ്ഞാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.