മൂവാറ്റുപുഴ ആസ്ഥാനമായി തൊടുപുഴയെ ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരേ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ(ജോസഫ്)വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോന്‍സ് ജോസഫ്.തൊടുപുഴയെ ഇടുക്കിയില്‍ നിന്ന് അടര്‍ത്തിമാറ്റി പുതിയ ജില്ലയുണ്ടാക്കാനുള്ള നീക്കം ഇടുക്കി ജില്ലയുടെ ജീവനും ആത്മാവിനും നേരെയുള്ള കടന്നുകയറ്റമാണെന്നും, നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും. അത് പറിച്ചുകൊണ്ട് പോകാന്‍ അനുവദിക്കില്ല. കേരള കോണ്‍ഗ്രസ് നിലപാട് നേരത്തെ മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണം. മൂവാറ്റുപുഴ എംഎല്‍എയായിരുന്ന ജോസഫ് വാഴക്കന്‍ മുന്‍പ് ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചതാണെന്നും അക്കാലത്ത് തന്നെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നെന്നും മോന്‍സ് ജോസഫ് പറഞ്ഞു.മൂവാറ്റുപുഴയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങള്‍ സംയോജിപ്പിച്ച് പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് പരസ്യമായി ആവശ്യപ്പെട്ടത്. മാത്യു കുഴല്‍നാടന്റെ ആവശ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി വി ഡി സതീശന്‍, വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും ഇതിനായി ഒരു ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുമെന്നും മറുപടി നല്‍കിയിരുന്നു.