കൊഴുപ്പും പഞ്ചസാരയും കൂടിയാല്‍ പാക്കറ്റില്‍ ചുവപ്പ് ചിഹ്നം; അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പൂട്ടിടാൻ എഫ്‌എസ്‌എസ്‌എഐ.

പാക്കറ്റ് ഭക്ഷണങ്ങളിലെ അമിത കൊഴുപ്പും പഞ്ചസാരയും ഉപ്പും ഉപഭോക്താക്കള്‍ക്ക് ഇനി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം.ചിപ്‌സ്, ശീതളപാനീയങ്ങള്‍, മറ്റ് പാക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവയുടെ മുൻവശത്ത് ചുവപ്പ് നിറത്തിലുള്ള ഷഡ്ഭുജാകൃതിയിലുള്ള (Hexagon) മുന്നറിയിപ്പ് ലേബല്‍ നിർബന്ധമാക്കുമെന്ന് രാജ്യത്തെ പരമോന്നത ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്‌എസ്‌എസ്‌എഐ സുപ്രീം കോടതിയെ അറിയിച്ചു.

നിർദ്ദേശം പ്രാബല്യത്തില്‍ വരുന്നതിനുള്ള വിജ്ഞാപനമോ കൃത്യമായ സമയപരിധിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എഫ്‌എസ്‌എസ്‌എഐ സുപ്രധാന നിലപാട് വ്യക്തമാക്കിയത്.

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ആളുകള്‍ തിരിച്ചറിയാതെ കഴിക്കുന്നത് തടയാൻ പാക്കറ്റുകളുടെ മുൻവശത്ത് എന്ത് തരത്തിലുള്ള അടയാളമാണ് നല്‍കേണ്ടത് എന്നതിനെച്ചൊല്ലി റെഗുലേറ്ററും ഭക്ഷ്യസുരക്ഷാ വിദഗ്ധരും തമ്മില്‍ ദീർഘകാലമായി ചർച്ചകള്‍ നടക്കുകയായിരുന്നു. 'ഹെല്‍ത്ത് സ്റ്റാർ റേറ്റിംഗ്' മുതല്‍ സങ്കീർണ്ണമായ ചാർട്ടുകള്‍ വരെ എഫ്‌എസ്‌എസ്‌എഐ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും, ഒറ്റനോട്ടത്തില്‍ അപകടം വ്യക്തമാക്കുന്ന ശക്തമായ മുന്നറിയിപ്പ് ലേബലുകള്‍ വേണമെന്ന ആരോഗ്യപ്രവർത്തകരുടെ ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്.പാക്കറ്റിന്റെ മുൻവശത്തെ പോഷക വിവര ലേബലിംഗ് രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാനാണ് എഫ്‌എസ്‌എസ്‌എഐ നിർദ്ദേശിച്ചിരിക്കുന്നത്. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയില്‍ രണ്ടോ അതിലധികമോ ഘടകങ്ങള്‍ ഉയർന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് ലേബല്‍ നല്‍കുക. പഞ്ചസാരയുടെ അളവ് മാത്രം കൂടുതലുള്ള മധുര പാനീയങ്ങള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കും. കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ചേരുവകളില്‍ മാറ്റം വരുത്താനും ഉപഭോക്താക്കള്‍ക്ക് ഇത് ശീലമാക്കാനുമാണ് ഘട്ടങ്ങളായുള്ള സമീപനം. രണ്ടാം ഘട്ടത്തില്‍ മേല്‍പ്പറഞ്ഞ മൂന്ന് ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അളവ് ഉയർന്നതാണെങ്കില്‍ പോലും മുന്നറിയിപ്പ് ലേബല്‍ നിർബന്ധമാക്കും.പാക്കറ്റിന്റെ പിൻഭാഗത്തെ പോഷക വിവര പട്ടികയിലെ ഫോണ്ട് സൈസിനേക്കാള്‍ ഒരു പോയിന്റ് വലിയ അക്ഷരങ്ങളില്‍ ഇംഗ്ലീഷിലായിരിക്കും ഈ മുന്നറിയിപ്പ് രേഖപ്പെടുത്തുക. പാല്‍ പോലുള്ള ഒറ്റ ചേരുവ മാത്രമുള്ള ഉല്‍പ്പന്നങ്ങളെയും സ്വാഭാവികമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുള്ള നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശർക്കര, തേൻ എന്നിവയെയും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Previous Post Next Post