യുജിസി -നെറ്റ് പരീക്ഷയില് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്ക് (എന്ടിഎ) ഗുരുതര വീഴ്ച. ഇതേത്തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളില് പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചു.സെപ്റ്റംബര് 9, 10 തീയതികളില് പുനഃപരീക്ഷ നടത്തും. സെപ്റ്റംബര് ഒമ്പതിനു രാവിലെ ഇംഗ്ലീഷ് പരീക്ഷയും ഉച്ചകഴിഞ്ഞ് കൊമേഴ്സ് പരീക്ഷയും സെപ്റ്റംബര് പത്തിനു സോഷ്യോളജി പരീക്ഷയും നടത്തും. പുനഃപരീക്ഷയ്ക്കു വിദ്യാർഥികളില്‍നിന്നു ഫീസ് ഈടാക്കില്ല.
ജൂണ്‍ 22 മുതല്‍ 30 വരെയാണ് 87 വിഷയങ്ങളില്‍ യുജിസി-നെറ്റ് പരീക്ഷ നടന്നത്. എന്നാല്‍, ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകളില്‍ ഒട്ടേറെ പിഴവുകളും ചോദ്യങ്ങളുടെ ആവര്ത്തനവും ഉണ്ടായതായി കണ്ടെത്തി. വസ്തുത, ടൈപ്പിംഗ്, വിവര്ത്തനം എന്നിവയിലെ ഒട്ടേറെ തെറ്റുകളെക്കുറിച്ച് വിദ്യാര്ഥികള് പരാതികള്‍ ഉന്നയിച്ചിരുന്നു. തുടര്ന്ന് എന്ടിഎ ഒരു സമിതി രൂപവത്കരിച്ചു.വിദ്യാർഥികളുടെ പരാതിയില്‍ കഴന്പുണ്ടെന്ന് എൻടിഎ സമിതിക്കു ബോധ്യപ്പെട്ടു. പരീക്ഷയില് ഗുരുതര പിഴവുകള്ക്കു പുറമേ മുന് വര്ഷത്തെ ചോദ്യങ്ങളുടെ ആവര്ത്തനവുമുണ്ടെന്നായിരുന്നു വിദ്യാര്ഥികളുടെ പരാതി.
ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളില് 67എണ്ണം 2024 പരീക്ഷയിലെ ചോദ്യങ്ങളോടു സാമ്യമുള്ളവയായിരുന്നു. സോഷ്യോളജി പരീക്ഷയില്‍ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം തെറ്റുകളുണ്ടായിരുന്നുവെന്ന് വിദ്യാർഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കൂടാതെ വ്യാപകമായി വ്യാകരണപ്പിഴവുകളും ഉണ്ടായിരുന്നു. കോളജ് അധ്യാപനത്തിനും ഗവേഷണ ഫെലോഷിപ്പിനുമുള്ളതാണ് യുജിസി നെറ്റ് പരീക്ഷ.