ശമ്പളവും പെൻഷനും ബോണസും ഉത്സവ ബത്തയും അടക്കമുള്ള ഓണച്ചെലവുകള്‍ക്കായി സംസ്ഥാന സർക്കാരിനു കണ്ടെത്തേണ്ടിവരുന്നത് 9,000 കോടിയോളം രൂപ.ഓണത്തിനു മുന്നോടിയായി സാമൂഹിക സുരക്ഷാപെൻഷൻ വിതരണവും ഈ ആഴ്ചയില്‍ നടക്കും. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിന് 952.74 കോടിയും ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണത്തിന് 128.6 കോടി രൂപയും വേണം.
സർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും ഇന്നുമുതല്‍ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് 20 മുതല്‍ നല്‍കിത്തുടങ്ങും. കെഎസ്‌ആർടിസിക്കും നഷ്ടത്തിലുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത വിതരണത്തിനും പണം കണ്ടെത്തേണ്ടതുണ്ട്.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്വാസ ധനസഹായ വിതരണം, പരന്പരാഗത മേഖലയായ കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികള്‍ക്കുള്ള ഓണം തുക വിതരണം തുടങ്ങിയവയ്ക്കുള്ള തുക കണ്ടെത്തേണ്ടതുണ്ട്. സാധാരണ ഇത്തരം മേഖലകളിലെ സഹായവിതരണവുമായി ബന്ധപ്പെട്ടാണ് സർക്കാരുകള്‍ വിയർക്കുക. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഉത്സവബത്തയും നല്‍കേണ്ടതുണ്ട്.