ഇന്ന് കര്‍ക്കടകവാവ് ; പിതൃക്കള്‍ക്ക് ആത്മശാന്തി തേടി പതിനായിരങ്ങള്‍ ; ബലിയിടാന്‍ വന്‍ തിരക്ക്.

പിതൃക്കളുടെ ആത്മശാന്തിക്കായി കേരളത്തില്‍ ഉടനീളമുള്ള പ്രദേശങ്ങളില്‍ ബലിയര്‍പ്പിച്ച്‌ ആയിരങ്ങള്‍.കര്‍ക്കടവാവു ദിനത്തില്‍ ബലിതര്‍പ്പണ പുണ്യം തേടി വിശ്വാസികള്‍ പുലര്‍ച്ചെ മുതല്‍ ആലുവാ മണപ്പുറത്തും തിരുവല്ലത്തും പാപനാശത്തും എത്തി. സുരക്ഷയ്ക്കായി വലിയ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. അധികസര്‍വീസ് നടത്തുന്നു.

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ രണ്ടുമണി മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ഇവിടേയ്ക്ക് എത്തിച്ചേരാന്‍ വിപുലമായ ഗതാഗത സൗകര്യവും നല്‍കിയിട്ടുണ്ട്.

ഇന്നലെ സന്ധ്യമുതല്‍ ആലുവ മണപ്പുറത്ത് ഭക്തര്‍ എത്തിയിരുന്നു. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. വലിയ ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വലിയ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ആലുവ മണപ്പുറത്ത് ആള്‍ക്കാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ വലിയ സൗകര്യമാണ് ഒരുക്കിയത്. ഉച്ചയ്ക്ക് രണ്ടുമണി വരെ ഇവിടെ തയ്യാറാക്കിയിട്ടുള്ള 80 ഓളം ബലിപ്പുരയില്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കാം. 450 ലധികം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

Previous Post Next Post