അതിദാരുണ സംഭവം...! ഡല്‍ഹിയില്‍ ഇ-ഓട്ടോ പൊട്ടിത്തെറിച്ച്‌ അപകടം; പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.


ഡല്‍ഹി രഘുബീർ നഗറില്‍ നിർത്തിയിട്ട ഇ-റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ രണ്ടുപേർക്ക് ദാരുണാന്ത്യം.

മസ്ജിദ് ഗുരുദ്വാര റോഡിലെ റെസിഡൻഷ്യല്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടം.

കെട്ടിടത്തിന്റെ ഉടമ മുഹമ്മദ് നസീബിന്റെ മകൻ സുഫൈദ് (17), ഭാര്യാ സഹോദരൻ മുഹമ്മദ് സാമിദ് (38) എന്നിവരാണ് മരിച്ചത്. പുലർച്ച 4.40ഓടെയാണ് സംഭവം നടന്നത്. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇ-റിക്ഷയുടെ ബാറ്ററാണ് പൊട്ടിത്തെറിച്ചത്.

ഷോർട്ട് സർക്യൂട്ട് കാരണം ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബാറ്ററി പൊട്ടിത്തെറിച്ചതോടെ തീ ആളിപ്പടർന്നു. ഒന്നാം നിലയിലെ ഗാർഹിക സാമഗ്രികള്‍ അടക്കം പൂർണമായി കത്തിയമർന്നു.

ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരും പുറത്തുവരാനാകാതെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പൊള്ളലേറ്റ രണ്ടുപേരെയും ഉടൻതന്നെ നാട്ടുകാർ രഘുബീർ നഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മൂന്ന് യൂനിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാറ്ററിയുടെ നിലവാരവും ചാർജിംഗ് സംവിധാനവും ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.


Previous Post Next Post