സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

ദിവസങ്ങള്‍ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങള്‍ക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.എന്നാല്‍ സമാപന വേദിയില്‍ 'വന്ദേമാതരം' പൂർണരൂപത്തില്‍ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളില്‍ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി.

വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ പ്രോട്ടോകോള്‍ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് രാജ്യത്തെവിടെയാണെങ്കിലും കൃത്യമായ പ്രോട്ടോകോളുകള്‍ നിലവിലുണ്ട്. ഇവയില്‍ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഓണം വാരാഘോഷ സമാപന ചടങ്ങിലും ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടന വേദിയിലുമാണ് ഇന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ പങ്കെടുത്തത്. രണ്ട് വേദികളിലും വന്ദേമാതരം പൂർണമായി ആലപിക്കപ്പെട്ടിരുന്നു. വന്ദേമാതരം പൂർണരൂപത്തില്‍ ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും കൃത്യമായ നിർദേശം പ്രോട്ടോകോള്‍ ഓഫീസർക്ക് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകള്‍. സംസ്ഥാന സർക്കാരിന് ഈ നിർദേശങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
Previous Post Next Post