ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി ജലോത്സവം നാളെ നടക്കും. 72-ാമത് നെഹ്റു ട്രോഫി ജലോത്സവം പുന്നമടക്കായലിലെ നെഹ്റുപവലിയനില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളാകും.
രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങള്‍.വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പാസുള്ളവർക്കു മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണ മന്ത്രി എം. ലിജു, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോള്‍ ഉസ്മാൻ, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.