തെരുവുനായകള്‍ക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി.
നായകളെ തെരുവില്‍ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ ചുമത്തും. ജനസാന്ദ്രത കുറഞ്ഞ സ്ഥലത്ത് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഒരുക്കാന്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും തദ്ദേശ വകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
വഴിയോരങ്ങളില്‍ ഭക്ഷണം വലിച്ചെറിയുന്നതും തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഇനി ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇവര്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പൊലീസിനും നേരിട്ട് നിയമനടപടി സ്വീകരിക്കാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാര്‍ഡുകളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ ഭക്ഷണം നല്‍കാന്‍ വിലക്കില്ല. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനുള്ള സ്ഥലം കണ്ടെത്തണം.
ജനസാന്ദ്രത കുറഞ്ഞ സ്ഥലത്ത് ഷെല്‍റ്റര്‍ ഒരുക്കാന്‍ സ്വകാര്യ പങ്കാളിത്തം തേടും. ജനം ഒത്തുകൂടുന്ന പൊതുവിടങ്ങളിലെ നായകളെ അടിയന്തരമായി പിടികൂടാനാണ് നിര്‍ദ്ദേശം. നായ്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കും. നായകളെ പിടികൂടിയ സ്ഥലത്ത് വിടണം. പേവിഷബാധയുള്ളവയെയും അക്രമണ സ്വഭാവമുള്ളവയെയും ഷെല്‍റ്ററില്‍ പാര്‍പ്പിക്കും.