സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.


സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കാസർകോട് മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം ജില്ലയില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ , എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി. കണ്ണൂരില്‍ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധിയാണ്.

ആലപ്പുഴയില്‍ വെളളപൊക്ക ഭീഷണി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പമ്പ, അച്ചൻകോവില്‍ ആറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ചെങ്ങന്നൂർ താലൂക്കിലും കുട്ടാനാട്, അപ്പർ കുട്ടനാടൻ മേഖലയിലും ജനജീവിതം ദുരിതത്തിലാണ്. 41 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവർത്തിക്കുന്നുണ്ട്. തീരദേശ മേഖലയില്‍ കടലാക്രമണവും രൂക്ഷമാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ വെള്ളം കയറിയ പല പ്രേദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച റാന്നി മേഖലയില്‍ നിന്നും ഇന്നലെ വെള്ളം പൂർണമായും ഇറങ്ങി. ഇവിടങ്ങളില്‍ വീടുകളിലും കടകളിലും ഇപ്പോഴും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

Previous Post Next Post