മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്‌ആപ്പ് ഇന്ത്യയിലെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി.
മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകള്‍ 24 മണിക്കൂർ റിവ്യൂവിലേക്ക് മാറ്റിയതിനെ തുടർന്ന് ആപ്പിന്റെ പ്രധാന സേവനങ്ങളൊന്നും ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക വാട്‌സ്‌ആപ്പ് ആപ്പ് മാത്രം ഉപയോഗിച്ചിരുന്നവരുടെ അക്കൗണ്ടുകള്‍ക്കാണ് പ്രധാനമായതും പ്രവേശനം നിഷേധിക്കപ്പെട്ടത്. ആപ്പ് തുറക്കുമ്പോള്‍ "നിങ്ങളുടെ അക്കൗണ്ട് റിവ്യൂവിലാണ്, സേവന നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്, 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കും" എന്ന സന്ദേശമാണ് സ്ക്രീനില്‍ കാണിക്കുന്നത്.
വ്യക്തിഗത ആവശ്യങ്ങള്‍ക്കും തൊഴില്‍പരമായ കാര്യങ്ങള്‍ക്കും വാട്‌സ്‌ആപ്പിനെ പൂർണ്ണമായി ആശ്രയിക്കുന്ന ആളുകളാണ് അക്കൗണ്ട് പെട്ടെന്ന് പൂട്ടിയതോടെ വലഞ്ഞത്. തങ്ങള്‍ക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും അടിയന്തരമായി അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.