മോഷണം പോകുമെന്ന ഭയത്തില്‍ പാടത്ത് കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപയുടെ സ്ഥലം മറന്ന കർഷകന് ഒടുവില്‍ കിട്ടിയത് ചിതലുകള്‍ തിന്ന് നശിച്ച നോട്ടുകളുടെ അവശിഷ്ടങ്ങള്‍.
രാജസ്ഥാനിലെ പച്പദ്ര സ്വദേശിയായ കർഷകൻ മാംഗിലാല്‍ മേഘ്‌വാളിനാണ് ദുരനുഭവം. (Rajasthan farmer buried 5 lakh cash)
ഒരു വർഷം മുമ്പ് സ്ഥലം വിറ്റതിലൂടെ ലഭിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കൃഷിയിടത്തില്‍ മുറി പണിയാനായിരുന്നു മാംഗിലാലിന്റെ പദ്ധതി. എന്നാല്‍ പണം മോഷണം പോകുമെന്നോ കുടുംബാംഗങ്ങള്‍ ചെലവഴിക്കുമെന്നോ ഭയന്ന് ആരോടും പറയാതെ മുഴുവൻ തുകയും പോളിത്തീൻ ബാഗിലാക്കി ഒരു രാത്രി പാടത്ത് കുഴിച്ചിടുകയായിരുന്നു.
പിന്നീട് മുറി പണിയുന്നതിനായി പണം ആവശ്യമായപ്പോള്‍ കുഴിച്ചിട്ട സ്ഥലം ഓർമിക്കാൻ മാംഗിലാലിന് കഴിഞ്ഞില്ല. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. ഒടുവില്‍ ഭാര്യയോടും മക്കളോടും വിവരം പറഞ്ഞെങ്കിലും കുടുംബത്തിനും സ്ഥലം കണ്ടെത്താനായില്ല. തുടർന്ന് തിരച്ചില്‍ ഉപേക്ഷിക്കുകയും സംഭവം പുറത്തുപറയാതിരിക്കുകയും ചെയ്തു.
ഏകദേശം ഒരു വർഷത്തിന് ശേഷം മഴയ്ക്ക് പിന്നാലെ കൃഷിയിടം ഉഴുതുമറിക്കുന്നതിനിടെയാണ് പണം കുഴിച്ചിട്ടിരുന്ന ബാഗ് പുറത്തുവന്നത്. പിന്നീട് കുടുംബം ബാഗ് പരിശോധിച്ചപ്പോഴാണ് ചിതലുകള്‍ തിന്ന് നശിപ്പിച്ച 500 രൂപ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദീർഘകാലം മണ്ണിനടിയില്‍ കിടന്നതോടെ നോട്ടുകള്‍ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു.
കേടായ നോട്ടുകളുമായി കുടുംബം പച്പദ്രയിലെയും ബലോത്രയിലെയും ബാങ്കുകളെ സമീപിച്ചെങ്കിലും അവ സ്വീകരിക്കാൻ തയ്യാറായില്ല. ജയ്‌പൂരിലെ ബാങ്കിനെ സമീപിക്കാനാണ് കുടുംബത്തിന് നിർദേശം ലഭിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാംഗിലാലിന് ജയ്‌പൂരിലേക്ക് പോകാൻ കഴിഞ്ഞില്ല. പണം നേരത്തെ കുടുംബത്തെ അറിയിച്ച് സുരക്ഷിതമായി സൂക്ഷിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്നാണ് ഭാര്യയും മക്കളും പറയുന്നത്.