സുമുഖരായ യുവാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ മാട്രിമോണിയല്‍ തട്ടിപ്പ്: സ്ത്രീകളെ കബളിപ്പിച്ച്‌ പണം തട്ടിയ 40-കാരന്‍ അറസ്റ്റില്‍.


വെബ്സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച്‌ സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാറിനെ (40) പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ ശേഖരിച്ച്‌, വ്യാജ വിവരങ്ങള്‍ ചേര്‍ത്ത് മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹാലോചനയുമായി എത്തുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.

പത്തനംതിട്ട സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍. ഐ.പി.എസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പ്രതിയുടെ മൊബൈല്‍ നമ്പറുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വലയിലാക്കുകയായിരുന്നു.

ഇതിനു മുന്‍പും സമാന രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ അന്‍സാറിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് പി., എസ്.ഐ നിഥിന്‍ ആര്‍., എ.എസ്.ഐ സുരേഷ് വി.സി., സി.പി.ഒ അരുണ്‍ ആര്‍. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Previous Post Next Post