കരുവാറ്റയില്‍ വയോധികൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്. പെണ്‍കുട്ടിയോട് കൊല്ലപ്പെട്ട ശിവൻകുട്ടി നേരത്തെ തന്നെ മോശമായി സ്പർശിച്ചതിന്റെ വൈരാഗ്യത്തിനാണ് ക്രൂര കൃത്യം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടി. സിപിഎം പ്രവർത്തകനായ ശീവൻകുട്ടിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് പെണ്‍കുട്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ട് പെണ്‍കുട്ടി മരണം ഉറപ്പിച്ചു തൃപ്തി അടഞ്ഞുവെന്നും പൊലീസ് പറയുന്നു.
മേല്‍ക്കൂരയിലെ ഓടു പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയില്‍ വലിയ കല്ലിട്ടു കൊല്ലാനാണ് കുട്ടിക്കുറ്റവാളികള്‍ ആദ്യം പദ്ധതിയിട്ടത്. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നല്‍കിയ പെണ്‍കുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഓടിട്ട വീടിന്റെ മച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്കു തടസ്സമായി. അതോടെ ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തു കടന്നു. ശ്വാസംമുട്ടിച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരും പ്രായപൂർത്തിയാകാത്ത മൂന്നു കുറ്റാരോപിതരും പരവൂരുകാരാണ്.വീട്ടില്‍ ഉണ്ടായിരുന്ന സ്വർണവും അപഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും കൊലപാതകത്തില്‍ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാർക്കും ബൈക്കും വാങ്ങാനുള്ള പണം സമാഹരിക്കാൻ ആണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കരുതുന്നു. എന്നാല്‍ ശിവൻകുട്ടിയോട് തനിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കൊലപാതകത്തിലെ മുഖ്യ ആസൂത്രക 13 കാരി തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പെണ്‍കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചു പോയശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. കുടുംബത്തിലെ അസ്വസ്ഥമായ അന്തരീക്ഷമടക്കം കൊലപാതകം ആസൂത്രണം ചെയ്യാൻ കൗമാരക്കാരിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് അനുമാനം.